
ഗാർഹിക പീഡനം വെളിപ്പെടുത്തി അധ്യാപിക ഇൻസ്റ്റഗ്രാം പോസ്റ്റിട്ടതിന് പിന്നാലെ ഭർത്താവ് അറസ്റ്റിൽ. ആലുവ നീറിക്കോട് സ്വദേശി വൈശാഖാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യയും അധ്യാപികയുമായ ഡോ. ശ്രീലക്ഷ്മി രാജേഷ് ഇൻസ്റ്റഗ്രാമിലൂടെയാണ് താൻ അനുഭവിക്കുന്ന ഗാർഹിക പീഡനങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്. യുവതിയേയും രണ്ടു വയസുള്ള കുഞ്ഞിനെയും വൈശാഖ് വീട്ടിൽ നിന്നും ഇറക്കിവിടുകയും ചെയ്തിരുന്നു. അതുല്യയെയോ വിപഞ്ജികയെയോ പോലെ മറ്റൊരാളാകാൻ വയ്യാത്തതുകൊണ്ടാണ് താൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത് എന്നായിരുന്നു യുവതി വ്യക്തമാക്കിയത്.
കഴിഞ്ഞ അഞ്ച് വർഷമായി ഭർത്താവിന്റെ മാനസികവും ശാരീരികവുമായ പീഡനങ്ങൾ അനുഭവിക്കുകയാണെന്ന് ശ്രീലക്ഷ്മി സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തി. അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിടുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് വൈശാഖിനെ പൊലീസ് പിടികൂടിയത്. തൻറെ ഭർത്താവ് ഒരു മദ്യപാനിയും ലഹരി മരുന്നുകൾ ഉപയോഗിക്കുന്നയാളുമാണെന്ന് ഡോ. ശ്രീലക്ഷ്മി രാജേഷ് വ്യക്തമാക്കുന്നു. അദ്ദേഹത്തിന് സ്നേഹവും പിന്തുണയും കൗൺസിലിംഗും നൽകിയിട്ടും അതിക്രമവും ഭീഷണിയും തുടരുകയാണെന്നും അവർ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.
ഡോ. ശ്രീലക്ഷ്മി രാജേഷിന്റെ പോസ്റ്റ് ഇങ്ങനെ:
'അതുല്യയെയോ വിപഞ്ജികയെയോ പോലെ മറ്റൊരാളാകാൻ വയ്യാത്തതുകൊണ്ടാണ് ഞാൻ ഇന്ന് ഇക്കാര്യം സംസാരിക്കുന്നത്. എന്റെയും കുഞ്ഞിൻറെയും സുരക്ഷയെക്കുറിച്ചുള്ള ഭയത്തിലാണ് ജീവിക്കുന്നത്. അയാൾ എന്നെയും കുഞ്ഞിനെയും ഉപദ്രവിക്കാനോ കൂടുതൽ കുഴപ്പങ്ങളിലേക്ക് വലിച്ചിഴയ്ക്കാനോ ശ്രമിച്ചേക്കും. എനിക്ക് ഇനി നിശബ്ദത പാലിക്കാൻ കഴിയില്ല. എൻറെ ജീവിതം നിശബ്ദതയിൽ അവസാനിക്കാനോ മറ്റൊരു ദുരന്ത തലക്കെട്ടായി മാറാനോ താൽപ്പര്യമില്ല.
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്കും ആലുവ റൂറൽ പൊലീസ് സൂപ്രണ്ടിനും ഞാൻ ഇതിനകം പരാതി നൽകിയിട്ടുണ്ട്. എന്നെയും എന്റെ കുട്ടിയെയും സംരക്ഷിക്കാനും നീതി തേടാനും എനിക്ക് കഴിയുന്നതെല്ലാം ഞാൻ ചെയ്യും. ഈ ദുരവസ്ഥ മറികടക്കാൻ എനിക്ക് നിങ്ങളുടെ പിന്തുണ ആവശ്യമാണ്. ബന്ധപ്പെട്ട അധികാരികളിൽ ആരെങ്കിലും ഈ പോസ്റ്റ് ശ്രദ്ധിച്ചാൽ, ഞങ്ങളുടെ സുരക്ഷയും നീതിയും ഉറപ്പാക്കാൻ നിങ്ങളുടെ അടിയന്തര സഹായം ഞാൻ താഴ്മയോടെ അഭ്യർത്ഥിക്കുന്നു'.
ഒരു സ്ത്രീയും, അമ്മയും, കുട്ടിയും ഭയത്തിൽ ജീവിക്കേണ്ടി വരരുതെന്നും, ദയവായി നിങ്ങളുടെ ചിന്തകളിലും പ്രാർത്ഥനകളിലും ഞങ്ങളെ ഉൾപ്പെടുത്തണമെന്നും പറഞ്ഞുകൊണ്ടാണ് ഡോ. ശ്രീലക്ഷ്മി രാജേഷിൻറെ പോസ്റ്റ് അവസാനിക്കുന്നത്.











